ദൃശ്യം , വായനക്കാരന്
വായിച്ചു തീര്‍ക്കുമ്പോള്‍
എം.പി.സുരേന്ദ്രന്
ഭ്രമകല്പനകള് നിറഞ്ഞ ഒരു ലോകത്തെക്കുറിച്ച് മരിയോ റില്‍ക്കെ പണ്ട് എഴുതിയിട്ടുണ്ട്. അവിടെ നിന്ന് സാല്‍വദോര്‍ ദാലിയിലേയ്ക്ക് സഞ്ചരിക്കുമ്പോഴും റിച്ചാര്‍ഡ് ആവിഡോണ് എന്ന ഫാഷന്‍ ഫോട്ടോഗ്രാഫറുടെ വര്‍ക്കുകള്‍ കാണുമ്പോഴും അതിന്റെ കോമ്പോസിഷനില്‍ വിസ്മയിപ്പിക്കുന്ന ഭ്രമാത്മക ഭാവനകളുടെ പലതരം വിതാനങ്ങളിലൂടെ നാം കടന്നുപോവുകയായി.
ഭാവനയുടെയും ശ്ലഥബിംബങ്ങളുടെയും പദാവലികള്‍ നാം അധികമൊന്നും ക്യാമറയിലൂടെ കണ്ടിട്ടില്ല. പെട്ടെന്ന് തോന്നുന്നത് അതിനൊരപവാദമായ സൊളാരിസ് എന്ന തര്ക്കേവ്സ്കി സിനിമയാണ്. അകിര കുറാസോവയുടെ ഡ്രീംസിലും അത്തരം ബിംബാവലിയുടെ ഘോഷയാത്രയുണ്ടായിരുന്നു. പക്ഷെ നിശ്ചലചിത്രങ്ങളിലെ ചലനാത്മകത അത്രയേറെ ശ്രദ്ദേയമായി തോന്നിയിട്ടില്ല. സ്റ്റീവ് മെക്കാറി, എഡി ആഡംസ് , കെവിന് കാര്‍ട്ടര്‍ തുടങ്ങിയവര്‍ ആ വഴിക്ക് സഞ്ചരിച്ച് തിരിച്ചു വന്നവരാണ്. വിഷ്വല്‍സ് അഥവാ ദൃശ്യങ്ങള്‍ കലാത്മകമാക്കുന്ന ചിത്രകലയോട് അടുത്ത് നില്ക്കാന് ഫോട്ടോഗ്രാഫി മുതിര്‍ന്നത് ഈ അടുത്തകാലത്ത് മാത്രമാണ്. കലയില്‍ ഡിജിറ്റലൈസേഷന് വന്നതോടെ സ്ഥലം, കാലം, കല എന്ന ത്രിമൂര്‍ത്തി സങ്കല്പത്തിനു പുതിയ അര്ത്ഥഭേദങ്ങളുണ്ടായി. വിവിധ കലാ മാധ്യമങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ പ്രത്യേകിച്ചും അചല ദൃശ്യ മാധ്യമങ്ങളെ ( IMMOBILE VISUAL / SPATIAL ART ) കുറിച്ച് ആലോചിക്കുമ്പോള്‍ ഫോട്ടോഗ്രാഫിയിലെ സാങ്കേതിക ഭാഷയ്ക്ക് കുറച്ചുകൂടി ഭാവനയെ ഉണര്‍ത്താനുള്ള പരിമിതികളുണ്ട്. അതിനെ മറികടക്കുന്നതാണ് സമകാലിക ഫോട്ടോഗ്രാഫിയിലെ പരീക്ഷണ വ്യഗ്രമായ ശ്രമങ്ങള്‍.
ഇമേജുകളിലൂടെ അനസ്യൂതമായ ആഖ്യാനം നടത്തുന്നത് സൂക്ഷ്മമായ അര്‍ത്ഥത്തില്‍ ഭാവനയുടെ സാന്ദ്രതയേറിയ നോട്ടമാണ്. ക്യാമറയിലൂടെ നോക്കുമ്പോള്‍ കാണുന്ന നിയതമായ രൂപങ്ങള്‍ക്കപ്പുറം, കാഴ്ചക്കാരന്റെ ഭാവനാ ലോകത്ത് അവ വിഹരിക്കുന്നത് വ്യത്യസ്ത നോട്ടങ്ങളിലൂടെയാണ്.
സ്വന്തമായി ക്യാമറയുള്ളവരെല്ലാം ഫോട്ടോഗ്രാഫര്‍മാരല്ല. ഒരു ക്യാമറാമാന് തന്റെ ക്യാമറയെ ഉപയോഗിക്കുന്നത് തനിക്ക് മാത്രം ലഭിക്കുന്ന ഇമേജുകള്‍ തേടിയാണ്. ഇത്തരം സ്വതന്ത്രവും മൌലികവുമായ ഇമേജുകളാണ് അബ്സ്ട്രാക്റ്റ് ഫോട്ടോഗ്രാഫിയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ ചായാഗ്രാഹകരെ പ്രേരിപ്പിച്ചത്. അതു വസ്തുവിന്റെ യഥാര്‍ത്ഥ കാഴ്ചയില്‍ നിന്നുള്ള ബോധപൂര്‍വ്വമായ വ്യതിയാനമാണ്. പിയറ്റ് മോണ്ട്രിയന്, പെയിന്റിങ്ങിലേയ്ക്ക് കൊണ്ടുവന്നതു പോലെ ചായാഗ്രാഹകന് ഒബ്ജക്റ്റുകളെ , സാങ്കേതികമായ സംവിധാനങ്ങളിലൂടെയും വികലീകരണത്തിലൂടെയും തങ്ങള്‍ക്കു കാമ്യമായ ഇമേജിന്റെ രൂപീകരണത്തിനു വേണ്ടി ശ്രമിക്കുന്നുണ്ട്. പ്രകൃതി എന്നതു പോലെ അതിലെ ഒരു ഘടകമാണ് ജലം.
ജലമാണ് അടിസ്ഥാനപരമായും അതിന്റെ ദൃശ്യതലമെങ്കിലും, ആ വിഷയത്തെ നാം ബോധപൂര്‍വ്വമായി മോചിപ്പിക്കുകയാണ്. പ്രകാശം, വര്‍ണം, ഘടന ( TEXTURE ) എന്നിവയൊക്കെ ചായാഗ്രാഹകന് ബോധപൂര്‍വ്വം തന്റെ രചന(COMPOSITION )ക്കായി ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തിലുള്ള അസംബന്ധ രചനകളുടെ വായന കാഴ്ചക്കാരുടെ ആസ്വാദനത്തിലാണ് പൂര്‍ത്തിയാവുന്നത്. ഈ ചിത്രത്തിന്റെ വായന ബഹുതല കേന്ദ്രീകൃതമായിരിക്കും. ഒരാള്‍ ചിത്രം ഉള്‍ക്കൊള്ളുന്ന അതേ ഭാഷയിലല്ല മറ്റൊള്‍ അതിനെ വായിച്ചെടുക്കുന്നത്.
അബ്സ്ട്രാക്റ്റ് ഫോട്ടോഗ്രാഫിയില്‍ വിഷയത്തിനല്ല ( SUBJECT) പ്രാധാന്യം. അതിന്റെ രചന, ഓരോ കാഴ്ചക്കാരന്റെയും മനസ്സില്‍ വീഴുന്നതും സമിശ്രമായ വ്യത്യസ്തതകളോടെയാണ്. എപ്പോഴും അതിന്റെ സൃഷ്ടാവിന്റെ മനസ്സ് പരീക്ഷണ വ്യഗ്രമായിരിക്കുകയും ചെയ്യും. ജലം, മണ്ണ്, പാറകള്‍, കുമിളകള്‍, ഇലകള്‍, മേഘം, പ്രകാശവ്യതിയാനങ്ങള്‍, തിരകള്‍, മണല്കൂനകള്, രാത്രി, മഴ, നിഴലുകള്‍ എന്നിവയൊക്കെ വിഷയ വൈവിധ്യത്തിനായി, ഫോട്ടോഗ്രാഫര്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇവിടെയാണ് രഞ്ജിത് ഒരുക്കിയ ഫ്രെയിമുകളുടെ പ്രസക്തി.
രണ്ട് വര്‍ഷം മുന്‍പ് ഒരു ഒക്ടോബര്‍ മാസത്തില്‍ താനൊരു പ്രദര്‍ശനം നടത്താന്‍ പോകുകയാണെന്ന് രഞ്ജിത് പറഞ്ഞിരുന്നു. അന്ന് രഞ്ജിത്തുമായി സംസാരിച്ചപ്പോഴാണ് തന്റെ യാത്രകളെകുറിച്ച് അയാള്‍ മനസ്സിന്റെ കെട്ടഴിച്ചത്. രഞ്ജിത്തിന്റെ ഗ്രാമീണയാത്രകളെക്കുറിച്ച് ഞാന്‍ അറിഞ്ഞത് ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ അയാള്‍ കൊണ്ടുവന്ന സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുടെ കഥകളിലാണ്. പക്ഷെ രഞ്ജിത് , ഇന്ത്യ ചുറ്റിയടിച്ച ഒരു സൈക്കിള്‍ യാത്രികനെന്ന യാഥാര്‍ത്ഥ്യം അറിയാന്‍ പിന്നെയും വൈകി. അത് അറിഞ്ഞപ്പോഴാകട്ടെ അയാള്‍ കണ്ട ലോകങ്ങളെക്കുറിച്ച് വായനക്കാരെ അറിയിക്കണമെന്ന അഭിലാഷം എന്നില്‍ വളരുകയും ചെയ്തു. ഈ അര്‍ത്ഥവത്തായ യാത്രകളിലെല്ലാം ഒരു സൈക്കിളും ഒരു നിക്കോണ്‍ ഡി.എസ്.എല്‍.ആര്. ക്യാമറയുമായിരുന്നു അയാളുടെ സഹയാത്രികന്. ആകെ ഒരു 200-500 സൂം ലെന്‍സ് മാത്രമായിരുന്നു അയാളുടെ ഏക ആര്‍ഭാടം.
2018 ഒക്ടോബര്‍ 19ന് കൊടകര സ്കൂളില്‍ രഞ്ജിത്തിന്റെ `ശ്വാസ് ` എന്ന ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ പോയി. ആ ചിത്രങ്ങളില്‍ ഞാന്‍ മനുഷ്യനെയും മണ്ണിനെയും കണ്ടു. അതിന്റെ ഗന്ധം, അതിന്റെ വര്‍ണം എന്റെ ഉള്ളിലേയ്ക്ക് ആര്‍ദ്രതയോടെ ആഴ്ന്നിറങ്ങി. ഗ്രാമീണചിത്രങ്ങളില് ഓരോ ഫോട്ടോ ജേര്‍ണലിസ്റ്റും പ്രകൃതി ദൃശ്യങ്ങള്‍ക്കാണ് പരമാവധി ഊന്നല്‍ നല്‍കുക. രഞ്ജിത് തന്റെ ക്യാമറ തിരിച്ചുവെച്ചത് തിക്തമായ ജീവിതയാഥാര്ത്ഥ്യങ്ങളിലേയ്ക്കാണ്. കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ രഞ്ജിത് സൈക്കിളില്‍ യാത്ര ചെയ്തപ്പോഴൊക്കെയും കണ്ടത് ജീവിതത്തോട് നിരന്തരം പൊരുതുന്ന മനുഷ്യരെയാണ്. ആ ചിത്രങ്ങള്‍ എന്നെ ആശ്ലേഷിച്ചു. കലഹിക്കുന്ന ചിത്രങ്ങളായിരുന്നു അതെല്ലാം. നിങ്ങള്‍ അതുകാണൂ, ഞാന്‍ ജീവിതത്തെക്കുറിച്ചാണ് വാചാലമാകുന്നത് എന്നൊരു ഭാവം ഈ ചിത്രങ്ങളിലെല്ലാം ഉണ്ടായിരുന്നു. നനഞ്ഞ കുഴമണ്ണും അനാഥമായി കിടക്കുന്ന അസ്ഥികൂടങ്ങളും വിധിയോട് മല്ലടിയ്ക്കുന്ന വയോധികയുമൊക്കെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യങ്ങളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയായിരുന്നു. അത്തരം ചിത്രങ്ങള്‍ നാം വെറുതെ കാണുകയല്ല, വായിച്ചറിയുകയാണ്. രഞ്ജിത്തിലെ പത്രപ്രവര്‍ത്തകന്റെ നൈസര്‍ഗികമായ നേട്ടങ്ങള്‍ ഞാന്‍ ആ ഫ്രെയിമുകളില്‍ കണ്ടു.
ഇപ്പോള്‍ ഈ ച്ഛായാചിത്രകാരന് അവിടെ നിന്നും പിന്നിട്ടുകഴിഞ്ഞു. അമൂര്‍ത്ത ഫോട്ടോഗ്രാഫിയില്‍ ജലം അയാളില്‍ വലിയൊരു ഇമേജായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ജലത്തിലെ പ്രതിബിംബങ്ങള്‍ അഥവാ അനുനിമിഷം മാറിക്കൊണ്ടിരിയ്ക്കുന്ന ഹൈഡ്ര ഇമേജുകള്‍. ഇരുപതാംനൂറ്റാണ്ടിനു ശേഷം സവിശേഷമായൊരു കലാരൂപമായി വളര്‍ന്നു കൊണ്ടിരുന്നു. ചിത്രകാരനും വിഷ്വലൈസറുമായ മന് റേ യാണ്(MANRAY) ഇത് ഫോട്ടോഗ്രാഫറുടെ, സ്വാഭാവിക ചോദനകള്‍ക്ക് വഴങ്ങാത്ത കലാരൂപമെന്ന് വിശേഷിപ്പിച്ചത്. പിന്നീട് ഗ്രാഫിക് ആര്‍ട്ടിസ്റ്റായിരുന്ന ജെറാള്‍ഡ് റിച്ചറില് എത്തുമ്പോഴേയ്ക്കും മാര്‍സല്‍ സുച്ചാച്ച് എന്ന കലാകാരന് വിഭാവനം ചെയ്തതിനേക്കാള്‍ ഉപരി, അബ്സ്ട്രാക്റ്റ് ഫോട്ടോഗ്രാഫി, കലാരൂപങ്ങളുടെ ആന്തരികലാവണ്യ സങ്കല്‍പ്പങ്ങളുമായി ചേര്‍ന്ന് നവീനമായൊരു ദൃശ്യസംസ്കാരം വിളംബരം ചെയ്തുകഴിഞ്ഞിരുന്നു. രഞ്ജിത് ആകട്ടെ അബ്സ്ട്രാക്റ്റ് ചിത്രങ്ങളില്‍ നിന്ന് ഭ്രമാത്മക ചിത്രസംസ്കാരങ്ങളിലേയ്ക്ക് സഞ്ചരിക്കുകയാണ്. ഇവിടെ ഫോട്ടോഗ്രാഫര്‍ അപ്രസക്തനാണ്. ചിത്രങ്ങള്‍ വായിക്കുന്നവര്‍, ഓരോ ദൃശ്യത്തിലും പുനര്‍വായന നടത്തുന്നു. അവര്‍ അവരുടെതായ കാഴ്ചയുടെ സംസ്കാരം സൃഷ്ടിക്കുന്നു. വെള്ളത്തില്‍ നിഴലുകള്‍ വീഴുമ്പോഴുള്ള ഓരോ കോമ്പോസിഷനും ഫോട്ടോഗ്രാഫര്‍ക്ക് പ്രിയംകരമാണ്. പക്ഷെ കാഴ്ചക്കാര്‍ അതിനെ വ്യത്യസ്തമായാണ് വായിക്കുന്നത്. ഒഴുകുന്ന വെള്ളത്തിലെല്ലാം ഓരോ ചിത്രങ്ങളുണ്ട്. അത് ഫോട്ടോഗ്രാഫറുടെ ലാവണ്യസങ്കല്‍പ്പങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫര്‍ കമ്പോസ് ചെയ്ത ദൃശ്യത്തിന്റെ അര്‍ത്ഥ മാനങ്ങള്‍ സമ്പൂര്‍ണ്ണമാകുന്നത് കാഴ്ച്ചക്കാരിലാണ്. കാറ്റിന്റെ, വെളിച്ചത്തിന്റെന്റെ, ഇലകളുടെ, നിഴലുകളുടെ സാന്നിധ്യങ്ങളില്‍ ഫോട്ടോഗ്രാഫറുടെ ദൃശ്യരൂപീകരണവും മാറിക്കൊണ്ടിരിക്കും. അതിന്റെ ആന്തരികമായ അര്ത്ഥബോധങ്ങളാണ് രഞ്ജിത് അവിരാമം തേടിക്കൊണ്ടിരിക്കുന്നത്.